കുഞ്ഞിനെ വിട്ടുകിട്ടാന്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ നിരാഹാര സമരത്തിന് ഒരുങ്ങി അമ്മ അനുപമ. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാകും നിരാഹാര സമരം. അമ്മയുടെ അനുവാദമില്ലാതെ ശിശുക്ഷേമ സമിതി ദത്ത് നല്കിയ കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് പരാതികള്‍ സമര്‍പ്പിച്ചിട്ടും നടപടികള്‍ ഒന്നും കൈക്കൊള്ളാത്തതിനാലാണ് നിരാഹാര സമരം ആരംഭിക്കുന്നതെന്ന് അനുപമ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരായിട്ടല്ല, മറിച്ച് സര്‍ക്കാരിന്റെ ശ്രദ്ധ വിഷയത്തിലേക്ക് കൊണ്ട് വരാനാണെന്നും അനുപമ പറയുന്നു. പോലീസിന്റെ ഭാഗത്ത് നിന്നടക്കം വീഴ്ച ഉണ്ടായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് അജിത്തിനോടൊപ്പം നിരാഹാര സമരത്തിന് ഒരുങ്ങുന്നത്. വിഷയത്തില്‍ സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രതികളായ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പേരെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. അതേ സമയം അനുപമയുടെ ദുരവസ്ഥക്ക് പ്രതിപക്ഷ നേതാവടക്കം പ്രമുഖര്‍ രംഗത്ത് എത്തി. സര്‍ക്കാര്‍ അമ്മയുടെ കണ്ണീരിനൊപ്പം നില്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ എല്ലാ പരാതികളും അന്വേഷിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞിരുന്നു.