തിരുവനന്തപുരം: രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നു രാത്രി പുറപ്പെടും. ഡൽഹി വഴി ഫിൻലൻഡിലേക്കാണ് ആദ്യം പോകുന്നത്. ഈ മാസം 12 വരെയാണ് സന്ദർശനം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ഫിൻലൻഡ് സന്ദർശന സംഘത്തിലുണ്ട്. അവിടത്തെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണു ലക്ഷ്യം. ഇവരോടൊപ്പം പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും ഐടി കമ്പനികളും സന്ദർശിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകൾ സംബന്ധിച്ച ചർച്ചകളുമുണ്ടാകും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോർവേ സന്ദർശനത്തിന്റെ ലക്ഷ്യം. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവർ അവിടെ ഒപ്പം ചേരും.