ചെന്നൈ : മുതിർന്ന സിപിഎം നേതാവും കേരളത്തിലെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 69-കാരനായ കോടിയേരി ബാലകൃഷ്ണൻ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് അന്ത്യം. സിപിഎം പിബി അംഗം കൂടിയാണ് കോടിയേരി. മരണ വാർത്ത ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
മൂന്ന് തവണ സിപിഎമ്മന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി വി എസ് അച്ചുതാനന്ദൻ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു. വിഎസ് മന്ത്രിസഭയിൽ രണ്ടാം പോർട്ട്ഫോളിയോ ആയ ആഭ്യന്തര വകുപ്പ് കോടിയേരിയാണ് കൈകാര്യം ചെയ്തത്. അഞ്ച് തവണ തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിട്ടുണ്ട്.
കോടിയേരിയുടെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. നാളെ ഉച്ചയ്ക്ക് ശേഷം തലശ്ശേരിലെത്തിച്ച് പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കണ്ണൂരിലെത്തും.