കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ,കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.
ഞങ്ങളുടെ ജീവതം തകർത്ത ഈ പ്രതിയെ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കണമെന്ന് മരിച്ചുപോയ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. മനുഷ്യ ഹൃദയമുള്ള എല്ലാവരും പീ പീ ദിവ്യ ചെയ്ത ക്രൂര കൃത്യത്തെ തള്ളി പറഞ്ഞിട്ടും , കേരള ജനത ഒന്നടങ്കം ആവശ്യപെട്ടിട്ടും പീ പീ ദിവ്യയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന കേരളാ പോലീസും പിണറായി സർക്കാരും തങ്ങളുടെ നാണം കെട്ട ഒളിച്ചു കളി തുടരുകയാണ് . ജനരോഷം ഭയന്ന് മരിച്ച നവീൻ ബാബുന്റെ ” കുടുംമ്പത്തോടൊപ്പം കുടുംമ്പത്തോടൊപ്പം ” എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പുലമ്പുന്ന സിപിഐഎം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രിയ്ക്കും കേരളാ പോലീസിനും മുൻപിൽ ഇനി പീ പീ ദിവ്യയെ അറസ്റ്റ് ചെയ്യുക എന്നല്ലാതെ വേറെ അധികം വഴിയില്ല എന്ന് തന്നെ പറയാം .
എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗൺസിലും ജില്ലാ കളക്ടറും ഇക്കാര്യം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാൻ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
എഡിഎമ്മിനെ സമ്മർദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തിൽ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്. കളക്ടറേറ്റിലെ യോഗത്തിൽ ദിവ്യ എഡിഎമ്മിനെതിരെ ആരോപണമുന്നയിക്കാൻ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നായിരുന്നു സ്റ്റാഫിന്‍റെ മൊഴി. ദിവ്യയുടെ പ്രവർത്തികളാണ് മരണത്തിലേക്ക് എഡിഎമ്മിനെ നയിച്ചതെന്നാണ് കണ്ടെത്തൽ.
പ്രോസിക്യൂഷൻ വാദം
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഭീഷണിസ്വരമാണ് യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ ഉയർത്തിയത്. മാധ്യമങ്ങളെ ക്ഷണിച്ചതിന് പിന്നിൽ ഗൂഢോദ്ദേശമുണ്ട്. ദൃശ്യങ്ങൾ ചോദിച്ചുവാങ്ങി ദിവ്യ പ്രചരിപ്പിച്ചു. അഴിമതി പരാതിയുണ്ടെങ്കിൽ സംവിധാനങ്ങളെ ആശ്രയിച്ചില്ല. പകരം ഉദ്യോഗസ്ഥനെ അപമാനിക്കാൻ ശ്രമിച്ചു. എഡിഎമ്മിനെക്കുറിച്ച് കളക്ടറോട് ഒക്ടോബർ 14ന് രാവിലെ ദിവ്യ പരാതി പറഞ്ഞെന്നും തെളിവില്ലാതെ അത് ഉന്നയിക്കുന്നരുതെന്ന് കളക്ടർ പറഞ്ഞെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കുടുംബത്തിന്റെ വാദം
നവീൻ ബാബുവിന്‍റെ മകളുടെ ചിത്രമുൾപ്പെടെ ഉയർത്തി വൈകാരികമായാണ് കുടുംബത്തിന് വേണ്ടി അഭിഭാഷകൻ വാദിച്ചത്. അധികാരപരിധിയിൽപെടാത്ത കാര്യമായിട്ടും ഒരു എഡിഎമ്മിന് മേൽ സ്വകാര്യപമ്പിന് അനുമതി നൽകാൻ സമ്മർദം ചെലുത്തി. പെട്രോൾ പമ്പ് ബെനാമി ഇടപാടെന്നും ഇതിൽ ദിവ്യയുടെ ബന്ധം അന്വേഷിക്കണമെന്നും കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. പെട്രോൾ പമ്പിൽ ദിവ്യയുടെ താത്പര്യമെന്താണെന്ന് കണ്ടെത്തണമെന്നും അഭിഭാഷകൻ വാദിച്ചു.