പെരുമ്പളം ദ്വീപ് ജനതയുടെ ഗതാഗതം സുഗമമാകാൻ നിർമിക്കുന്ന പെരുമ്പളം പാലത്തിൻ്റെ ആദ്യ ആർച്ച് ബീം പൂർത്തിയായി. മൂന്ന് ആർച്ച് ബീമുകളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യത്തേതിൻ്റെ നിർമാണമാണ് പൂർത്തീകരിച്ചത്. രണ്ടാമത്തെ ബീമിൻ്റെ നിർമാണം ഉടൻ ആരംഭിക്കും. നിലവിൽ പാലത്തിൻ്റെ 60 ശതമാനത്തോളം നിർമാണം പൂർത്തിയായിട്ടുണ്ട്. കേരളത്തിൽ കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളത്ത് നിർമിക്കുന്നത്. പെരുമ്പളം ദ്വീപ് പഞ്ചായത്തിനെ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയുമായാണ് പാലം ബന്ധിപ്പിക്കുന്നത്. പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള പെരുമ്പളം ദ്വീപിലേക്ക് നൂറുകോടി രൂപ മുതൽമുടക്കിയാണ് പാലം നിർമിക്കുന്നത്. ഇടതുപക്ഷ സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നുകൂടിയാണ് ഈ പാലം. 1,140 മീറ്ററാണ് പാലത്തിൻ്റെ നീളം. ദേശീയ ജലപാത കടന്നുപോകുന്നതിനാലാണ് പാലത്തിൻ്റെ ഏതാണ്ട് മദ്യഭാഗത്തായി ആർച്ച് ബീമുകൾ നിർമിക്കുന്നത്. പാലത്തിൻ്റെ മറ്റ് സ്പാനുകളിൽനിന്ന് വ്യത്യസ്തമായി ഇവിടെ 55 മീറ്ററാണ് സ്പാനുകൾ തമ്മിലുള്ള ദൂരം. നീളമേറിയ സ്പാനുകൾ ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് ആർച്ച് ബീമുകൾ ഉപയോഗിച്ച് ബലപ്പെടുത്തുന്നത്. ആകെ 30 സ്പാനുകളാണ് പാലത്തിനുള്ളത്. പാലത്തിൻ്റെ ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയും നിർമിക്കുന്നുണ്ട്.