ചോദ്യ പേപ്പർ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാജസ്ഥാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോട്ടസാരയുമായും കോൺഗ്രസ് എംഎൽഎ ഓം പ്രകാശ് ഹഡ്‌ല യുടെ വസതികളിൽ ഇഡി റെയ്ഡ് നടത്തി. ഇരുവരുമായും ബന്ധപ്പെട്ട 11 സ്ഥലങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ജയ്പൂർ, ദൗസ, സിക്കാർ എന്നിവിടങ്ങളിലുള്ള ഇരു നേതാക്കളുടെയും വാസസ്ഥലങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് ഈ ഇഡി നടപടി.
സിക്കാറിലെ ലച്ച്‌മംഗഢ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ദോട്ടസാര. ബിജെപിയുടെ സുഭാഷ് മഹാരിയയാണ് എതിർ സ്ഥാനാർത്ഥി. സംസ്ഥാന നിയമസഭയിലെ മഹ്‌വ മണ്ഡലത്തെയാണ് ഹഡ്‌ല പ്രതിനിധീകരിക്കുന്നത്. അതേസമയം 200 അംഗ രാജസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 25ന് നടക്കും.ഈ കേസിൽ മുൻ രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ (ആർപിഎസ്‌സി അംഗം) ബാബുലാൽ കത്താറയെയും അനിൽ കുമാർ മീണ എന്നയാളെയും നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ജൂണിൽ നടന്ന അന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ഒന്നിലധികം സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഗ്രേഡ് II ടീച്ചർ മത്സര പരീക്ഷ 2022 ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അന്വേഷണം നടന്നുവരുന്നത് . കേസിൽ 37 ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ 55 പേർ അറസ്റ്റിലായി. എട്ട് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വാങ്ങി 180 -ഓളം ഉദ്യോഗാർത്ഥികൾക്ക് ചോദ്യപേപ്പറുകൾ നൽകിയിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.