പാറക്കടവ്
എവിടെ നിന്നോ വന്നു മാസങ്ങൾ കൂട്ട് കൂടി എങ്ങോട്ടോ പോയ വാനരൻ അവസാനയാത്രയിൽ കാണാനെത്തിയത് നാട്ടു കാരിൽ കൗതുകമുണർത്തി. വ്യാഴായ്ച മരിച്ച ഉമ്മത്തൂരിലെ ചെടിയാലയിൽ മറിയത്തിന്റെ സംസ്കാരതിന്നു മുൻപാണ് രണ്ടു വർഷം മുൻപ് അപ്രത്യക്ഷമായ കുരങ്ങൻ വീട്ടിൽ എത്തിയത്.ഏതോ ഒരു മഴക്കാലത്താണ് മയ്യഴി പുഴയുടെയും മുണ്ടത്തോട് പുഴയു ടെയും സംഗമ സ്ഥലത്തുള്ള വീട്ടിൽ ഒരു കുട്ടി കുരങ്ങനെത്തിയത്. പുഴയോരത്തെ മരങ്ങളിൽ താമസമാക്കിയ വികൃതി കുരങ്ങന്റെ ഭക്ഷണം മറിയുമ്മയുടെ വകയായി. മാസങ്ങളോളം വീട്ടിന്നു ചുറ്റും താവളമാക്കിയ കുരങ്ങൻ ഇടക്ക് അപ്രത്യ ക്ഷമാകുകയും തിരിച്ചെത്തുകയും ചെയ്യും. ഈ പതിവ് ഏറെ കാലം തുടർന്നെങ്കിലും കഴിഞ്ഞവർഷം കാണാതായ കുരങ്ങിനെ പിന്നെ കണ്ടില്ല. മഴ കാലത്ത് എത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ കഴിഞ്ഞ കൊടും പ്രളയത്തിലും കുരങ്ങനെ കാണാതായതോടെ എന്തോ അപകടം സംഭവിച്ചെന്നായി മറിയുമ്മയുടെ പരിഭവം. ജീവനോടെയുണ്ടെങ്കിൽ വരുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. കഴിഞ്ഞ ആഴ്ച തളർന്നു വീണ മറിയുമ്മ വ്യാഴായ്ച മരിച്ചു. വെള്ളിയാഴ്ച സംസ്ക്കാരചടങ്ങിന് തയ്യാറെടുക്കേ കുരങ്ങെത്തി. ആൾക്കൂട്ടത്തെ വകവെക്കാതെ മുൻവശത്ത് തന്നെ നിലയുറപ്പിച്ചു. അവസാനം പള്ളിയിലേക്കുള്ള യാത്രയിൽ ഏറെ നേരം അനുഗമിച്ച ശേഷം എങ്ങോട്ടാ യാത്രയായി. സ്വതവേ ഭക്ഷണം ദാനം ചെയ്യുന്ന മറിയുമ്മയുടെ മരണ ദുഃഖത്തിൽ പങ്കാളിയാകാനാണ് കുരങ്ങെത്തിയതെന്ന് വിശ്വസിക്കാനാണ് നാട്ടുകാർക്ക് ഇഷ്ടം.