വ്യാഴവട്ടത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളുമായി മൂന്നാർ കുന്നുകളും ഇറക്കങ്ങളും ഒരുങ്ങുകയാണ്. പ്രകൃതിസ്നേഹികൾക്കു മാത്രമല്ല തേനീച്ചകൾക്കും പറവകൾക്കുമൊക്കെ പനിനീർമഴ പൊഴിയുന്ന അടുത്ത മൂന്നു മാസം പൂക്കാലമാണ്.
ഒരു വ്യാഴവട്ടത്തിനുശേഷം മൂന്നാറിലെ 3200 ഹെക്ടർ കുറിഞ്ഞിമലകൾ അണിഞ്ഞൊരുങ്ങുന്പോൾ പത്തു ലക്ഷം പേരെങ്കിലും ഇത് കാണാനെത്തും എന്നാണ് കണക്ക് . മൊട്ടക്കുന്നുകളുടെയും ചോല വനങ്ങളുടെയും പുൽമേടുകളുടെയും പശ്ചാത്തലത്തിൽ പൂക്കളം തീർക്കുന്ന നീലക്കുറിഞ്ഞികളുടെ സൗന്ദര്യം കാണാൻ ലോകമെന്പാടും നിന്ന് സഞ്ചാരികളെത്തും.
പശ്ചിമഘത്തിൽ കടൽനിരപ്പിനു 1500 മീറ്ററിനു മുകളിൽ ഇരവികുളം ദേശീയോദ്യാനത്തിനു ചുറ്റും ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന നീലക്കുറിഞ്ഞിക്ക് ചെറുതൊന്നുമല്ല പെരുമ. മൂന്നാറിനൊപ്പം ദേവികുളം, മാട്ടുപ്പെട്ടി മലകളിലും കുറിഞ്ഞികൾ നീലപ്പട്ടു വിരിയിക്കും.
വള്ളിദേവിയെ ശ്രീമുരുകൻ വിവാഹം കഴിച്ചത് നീലക്കുറിഞ്ഞിയുടെ മാലയിട്ടാണെന്ന് ആദിവാസികൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈ ചെടിക്കും പൂവിനും ഒരു ദൈവിക പരിവേഷം കിട്ടിയത്. കാഷ്മീരും ഹിമാലയവും പോലെ കേരളത്തിലെ മലയോരം നീലപ്പട്ടണിയുന്ന അപൂർവകാഴ്ച കാണാൻ അടുത്ത വാരം മുതൽ മലകയറ്റം തുടങ്ങുകയായി.
12 വർഷത്തിലൊരിക്കലേ കാട്ടുചെടിയായ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കാറുള്ളുവെന്ന് 1838ൽ മൂന്നു ജർമൻ പരിസ്ഥിതി പഠനസംഘമാണ് കണ്ടെത്തിയത്. സ്ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രനാമം നീലക്കുറിഞ്ഞിക്കു സമ്മാനിച്ചതും അവരാണ്. മൂന്നംഗ സംഘത്തിലുണ്ടായിരുന്ന കുന്ത് എന്നയാളിന്റെ പേരിൽനിന്നാണ് കുന്തിയാനസ് എന്നു വിളിപ്പേരുണ്ടായത്.
പൂത്തു കഴിഞ്ഞാലുടൻ നശിച്ചുപോകുന്ന കുറിഞ്ഞി ചെടികളുടെ വിത്തുകൾ അടുത്ത പൂക്കാലത്തിന് ഏതാനുംവർഷം മുൻപു മാത്രമാണ് വീണ്ടും കിളിർക്കുന്നത്. മൂന്നാർ മലനിരകളിൽ കാണപ്പെടുന്ന 40 കുറിഞ്ഞി ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 12 വർഷം ഇടവിട്ടു പൂക്കുന്ന കുന്തിയാനസ്. വരയാടുകൾക്കും അപൂർവ ഇനം ഓർക്കിഡുകൾക്കും പ്രസിദ്ധമായ രാജമലയിലാണ് ഏറ്റവുമധികം കുറിഞ്ഞി ചെടികൾ പൂക്കാൻ ഇപ്പോൾ മൊട്ടിട്ടിരിക്കുന്നത്.
കൊടുംതണുപ്പും ഈർപ്പവുമുള്ള അന്തരീക്ഷത്തിൽ മാത്രം വളരുന്ന അര മീറ്ററോളം ഉയരമുള്ള ചെടിയാണിത്. മൂന്നാർ കുന്നുകൾ അതിരിടുന്ന വട്ടവട, കൊട്ടക്കാന്പൂർ, കടവരി, കാന്തല്ലൂർ, കന്പക്കല്ല്, പളനിമലകളിലും തമിഴ്നാട്ടിൽ കൊടൈക്കനാൽ, ഉൗട്ടിയിലെ മുക്കൂർത്തിമലകൾ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞിയുടെ ഇനങ്ങളുണ്ട്. നീലക്കുറിഞ്ഞി പൂക്കാലം മൂന്നുമാസംവരെ നീണ്ടുനിൽക്കും.
ഓരോ കുറിഞ്ഞി ചെടിയും തനിച്ചുനോക്കിയാൽ വലിയ സൗന്ദര്യമൊന്നും തോന്നിക്കണമെന്നില്ല. കരിവാളിപ്പുള്ള കുറ്റിച്ചെടിയുടെ അഗ്രത്ത് കുലകളായി കുറെ പൂക്കൾ. മണമൊട്ടില്ലതാനും. എന്നാൽ നിറയെ പൂവുള്ള ഒരു കുന്നിലേക്കോ താഴ് വാരത്തിലേക്കോ നോക്കിനിന്നുപോയാൽ നീലത്തിരമാലയുടെ ഹൃദ്യതയാവും നുകരാനാവുക. വയലറ്റ് വസന്തം പെയ്തിറങ്ങുന്ന അനുഭവം. നേരിയ മഴയും കാറ്റുംകൂടിയായാൽ ഈ കാഴ്ച ഓർമയിൽ മങ്ങാത്ത അനുഭവമായി മാറും.
മഞ്ഞുകണങ്ങളിൽ തട്ടി ഇളംകാറ്റിൽ പൂക്കൾ നിരനിരയായി നിൽക്കുന്നത് കാണുന്പോൾ കേരളത്തിന്റെ കാഷ്മീർ തന്നെയാണ് ഇവിടമെന്ന് ആരും പറയും. ഈ പൂക്കളിൽ തേനിന്റെ അളവ് വളരെക്കൂടുതലാണ്. അതുകൊണ്ടു കുറിഞ്ഞിപൂക്കും കാലം തേനീച്ചകളുടെയും ശലഭങ്ങളുടെയും നല്ല കാലമാണ്. ഓരോ ചെടിയെയും തൊട്ടും തലോടിയും പറന്ന് തേൻ നുകരുന്ന തേനീച്ചകൾ. അതിനൊപ്പം വർണശലഭങ്ങളുടെ സല്ലാപങ്ങളും.
ഏതു പൂച്ചെടിയും പൂവും കണ്ടാൽ പിഴുതെടുക്കുന്ന സ്വഭാവക്കാരുടെ ശ്രദ്ധയ്ക്ക്. നീലക്കുറിഞ്ഞി കണ്ണെത്തുവോളം മനുസു നിറയുവോളം കണ്ടും തൊട്ടും ആസ്വദിക്കാം. പക്ഷെ ചെടിയും പൂക്കളും പറിക്കുന്നത് ശിക്ഷാർഹമാണെന്ന് നീലക്കുറിഞ്ഞികളുടെ സംരക്ഷണച്ചുമതലയുള്ള കേരള വനം വന്യജീവിവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകാലങ്ങളിലൊക്കെ കുറിഞ്ഞിച്ചെടികൾ വേരോടെ പിഴുതുകൊണ്ടുപോവാൻ സഞ്ചാരികൾ ശ്രമിച്ചിരുന്നു. ഒൗഷധഗുണമുണ്ടെന്ന ധാരണയിൽ പച്ചമരുന്നായി പറിക്കുന്നത് പതിവായതും നീലക്കുറിഞ്ഞിക്ക് ഭീഷണിയായി.
മൂന്നു മാസം പൂക്കൾ കൊഴിയുന്പോൾ ഇവ കരിഞ്ഞ് വിത്തുകൾ മണ്ണിൽ വീഴുന്നതോടെ ചെടികൾ നശിക്കും ഒരു വ്യാഴവട്ടം നീളുന്ന നിദ്രയ്ക്കൊടുവിൽ വീണ്ടും ഈ വിത്തുകൾ മുളപൊട്ടിയാണ് കുറിഞ്ഞിച്ചെടികൾ വീണ്ടും വളരുന്നത്. തങ്ങൾക്കു ജന്മം നൽകിയ തലമുറയെ കാണാൻ കഴിയാത്ത സസ്യവർഗമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ആദിവാസി വർഗമായ തോടർ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നത് കണക്കാക്കിയാണ്.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ അതിന്റെ രാജധാനി എന്ന് മൂന്നാറിനെ വിശേഷിപ്പിക്കാൻ സഞ്ചാരികൾ ഇഷ്ടപ്പെടുന്നു. കാരണം, മൂന്നാറിന്റെ ഭൂപ്രകൃതി അങ്ങനെയാണ്. നദികളും ചോലകളും അരുവികുളുമുള്ള മനോഹരമായ ഇളംനീരുറവകൾ ഒഴുകുന്ന അനേകായിരം മലയിടുക്കകൾ പേറിയ പശ്ചിമഘട്ടത്തിലാണ് മൂന്നാർ എന്ന സ്വർഗഭൂമി. ഒരേ സമയം, സഞ്ചാരികളുടെ കണ്ണുകളെ വിസ്മയിപ്പിക്കുകയും അവരുടെ മനസിനെ ആനന്ദിപ്പിക്കുകയും ചെയ്യുന്ന നിരവധി ഇടങ്ങൾ മൂന്നാറിന് ചുറ്റുമുണ്ട്.
നീലക്കുറിഞ്ഞി കാണാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്ക്…
കുറിഞ്ഞിപ്പൂക്കൾ കാണാൻ ടിക്കറ്റെടുക്കണം. ദിവസം 3500 പേർക്കു മാത്രമെ പ്രവേശനമുണ്ടാകു. 75 ശതമാനം ടിക്കറ്റ് ഓണ്‍ലൈൻ ബുക്കിംഗ് ആയിരിക്കും. 25 ശതമാനം നേരിട്ടുള്ള ടിക്കറ്റും. ലോക്കൽ ബസ് ചാർജ് ഉൾപ്പെടെ മുതിർന്നവർക്ക് ഫീസ് 120 രൂപ. 12 വയസിൽ താഴെയുള്ളവർക്ക് 90 രൂപ. വിദേശികൾക്ക് 400 രൂപ.
വീഡിയോ കാമറ കൊണ്ടുപോകണമെങ്കിൽ ഫീസ് 315 രൂപ. സാധാരണ കാമറ ഫീസ് 40 രൂപ.സഞ്ചാരികളുടെ വാഹനങ്ങൾ പഴയ മൂന്നാറിലെ മൈതാനങ്ങളിൽ പാർക്ക് ചെയ്യണം. ഇവിടെ സ്പോർട്സ് കൗണ്‍സിൽ മൈതാനത്ത് ടൂറിസം വകുപ്പ് ടിക്കറ്റ് കൗണ്ടർ തുറക്കും. ഇവിടെനിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങാം. ഇവിടെനിന്നും കെഎസ് ആർടിസി ബസ് ഇരവികുളം നാഷണൽ പാർക്കിലേക്ക് സ്പെഷൽ സർവീസ് നടത്തും. തുടർന്ന് ടൂറിസം വകുപ്പിന്റെ വാഹനത്തിൽ കുറിഞ്ഞിമലയിൽ കൊണ്ടുപോകും. തിരക്ക് കുറയ്ക്കാൻ ഒരാൾക്ക് രണ്ടു മണിക്കൂറാണ് കുറിഞ്ഞിമലകളിൽ ചെലവഴിക്കാനാവുക.
തിരക്ക് കുറയ്ക്കാൻ ഓണ്‍ലൈൻ ബുക്കിംഗാണ് മെച്ചം. ഓണ്‍ലൈൻ ബുക്കിംഗിന് : iravikulamnationalpark.org കൂടാതെ munnarwildlife.com സൈറ്റിൽ ബുക്കിംഗ് ലിങ്കുണ്ട്. ഓണ്‍ലൈൻ ബുക്കിംഗ് ഒറ്റയ്ക്കോ ഗ്രൂപ്പായോ നടത്തിയാലും ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നിലെ വിവരങ്ങളും എല്ലാവരും നൽകണം.