തിരുവനന്തപുരം: നാലുപേരുടെ മരണത്തിനടയാക്കിയ കൊച്ചി കുസാറ്റ് ക്യാംപസിലെ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തല്‍. സർക്കാരിന്റെ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് ക്യാംപസുകളിൽ പ്രൊഫഷണൽ ഗ്രൂപ്പുകളുടെ പരിപാടികൾക്ക് അനുമതിയില്ലെന്നിരിക്കെയാണ് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത നിശ സംഘടിപ്പിച്ചത്.പരിപാടിയ്ക്ക് പുറത്തുനിന്ന് ആളുകളെ കയറ്റിയതും നിയമവിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2015ലെ സർക്കുലർ ആണ് ലംഘിച്ചത്. ഇത് കർശനമായി പാലിക്കണം എന്ന ഹൈക്കോടതി ഉത്തരവും മറി കടന്നു. 2015ലെ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ അപകട പശ്ചാത്തലത്തിൽ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്.