ചക്കുളത്തമ്മയ്‌ക്ക് ഇന്ന് കാർത്തിക പൊങ്കാല. പുലർച്ചെ നാല് മണിക്ക് നിർമ്മാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയും ചടങ്ങുകൾക്ക് തുടക്കമായി. വിളിച്ചുചൊല്ലി പ്രാർഥന രാവിലെ ഒമ്പത് മണിക്ക് നടക്കും. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും
മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും.ഇതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും. മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്‌ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.11-ന് 500-ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്‌തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും.കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പൊങ്കാലയുടെ ഉദ്‌ഘാടനം നിർവഹിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്യും. പശ്ചിമ ബംഗാൾ ഗവർണർ ഡോ.സിവി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും.