മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവിന് കോടതി വിധിച്ചു . രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവരെയാണ് ഡല്‍ഹി സാകേത് സെഷൻസ് കോടതി ശിക്ഷിച്ചത്. സംഭവം നടന്ന് ഏകദേശം 15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നും അതിനാല്‍ വധശിക്ഷ നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ പത്രപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന്‍ 2008 സെപ്തംബര്‍ 30 ന് പുലര്‍ച്ചെ തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.
ഒക്ടോബര്‍ 18 ന്, കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആദ്യ നാല് പ്രതികൾക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുൻപു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉൾപ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റൻസ് റിപ്പോർട്ട് (പിഎസ്ആർ) സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു
മരണത്തിന് കാരണമായ സംഘടിത കുറ്റകൃത്യം നടത്തിയതിന് മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ) വകുപ്പുകള്‍ പ്രകാരം കുറ്റവാളികള്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഈ വകുപ്പുകളില്‍ പരമാവധി ശിക്ഷയായി വധശിക്ഷ ലഭിക്കുമായിരുന്നു. അഞ്ചാമനായ അജയ് സേത്തിയെ സെക്ഷന്‍ 411 (മോഷ്ടിച്ച സ്വത്ത് സ്വീകരിക്കുക), സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതിനും സഹായിക്കുന്നതിനും ബോധപൂര്‍വം സഹായിക്കുന്നതിനും സംഘടിത കുറ്റകൃത്യങ്ങളുടെ വരുമാനം കൈപ്പറ്റുന്നതിനും ഗൂഢാലോചന നടത്തിയതിനും MCOCA വകുപ്പുകള്‍ പ്രകാരവും കോടതി ശിക്ഷിച്ചു. യുവതിയുടെ കാറിനെ പിന്തുടരുന്നതിനിടെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വെച്ച് രവി കപൂര്‍ നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവരും കപൂറിനൊപ്പമുണ്ടായിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ മരണകാരണം തലയില്‍ വെടിയേറ്റതാണെന്ന് കണ്ടെത്തുന്നത് വരെ ഇത് അപകടമരണമാണെന്ന വിശ്വാസത്തിലായിരുന്നു പൊലീസ്.