കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ട് മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ പ്രദർശിപ്പിക്കും. കെൻ ലോച്ച്, വിം വെൻഡേഴ്സ്, അകി കൗറിസ്മാക്കി, നൂരി ബിൽജെ സീലാൻ, മാർക്കോ ബെല്ളോക്യോ, വെസ് ആൻഡേഴ്സൺ, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്നിയെസ്‌ക ഹോളണ്ട്, സ്റ്റീഫൻ കൊമാൻഡറേവ് എന്നീ പ്രമുഖരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
കെൻ ലോച്ചിന്റെ ‘ദ ഓൾഡ് ഓക്ക്’ എന്ന ചിത്രമാണ് മേളയിലെത്തുക. നവജർമ്മൻ സിനിമയുടെ മുൻനിരക്കാരനും കാൻ, ബെർലിൻ, വെനീസ് മേളകളിൽനിന്ന് ഉന്നതപുരസ്‌കാരം നേടിയ സംവിധായകനുമായ വിം വെൻഡേഴ്സിന്റെ ‘പെർഫക്റ്റ് ഡേയ്സ്’ പ്രദർശിപ്പിക്കും. ഈ ചിത്രത്തിന് ഈ വർഷത്തെ കാൻ മേളയിൽ രണ്ടു പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. 2014-ലെ ഐ.എഫ്.എഫ്.കെ.യിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ഇറ്റാലിയൻ സംവിധായകൻ മാർക്കോ ബെല്ളോക്യോവിന്റെ ‘കിഡ്നാപ്പ്ഡ്’ കാൻമേളയിൽ മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ, നടി, സഹനടൻ എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയിരുന്നു. ഫിന്നിഷ് സംവിധായകൻ അകി കൗറിസ്മാക്കിയുടെ ‘ഫാളൻ ലീവ്സ്’ ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ ജൂറി പുരസ്‌കാരം ലഭിച്ച ചിത്രമാണ്. ജാപ്പനീസ് സംവിധായകൻ കൊറീദ ഹിരോകാസുവിന്റെ ‘മോൺസ്റ്റർ’ കാൻ ചലച്ചിത്രമേളയിൽ ക്വീർ പാം ബഹുമതിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.
പാം ദി ഓർ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ടർക്കിഷ് സംവിധായകൻ നൂരി ബിൽജെ സീലാന്റെ ‘എബൗട്ട് ഡ്രൈ ഗ്രാസസ്’ ഈ വർഷത്തെ കാൻ മേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരുന്നു. ഓസ്‌കർ, ബാഫ്ത, ഗോൾഡൻ ഗ്ളോബ് പുരസ്‌കാരജേതാവായ അമേരിക്കൻ സംവിധായകൻ വെസ് ആൻഡേഴ്സന്റെ ‘ആസ്റ്ററോയ്ഡ് സിറ്റി’, പറക്കുംതളികയെയും അന്യഗ്രഹജീവികളെയും സംബന്ധിച്ച ജനപ്രിയ മിത്തുകളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുന്നു.