ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാറാണ് ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത്. തിയറ്റര്‍ ഉടമകളുമായി നടന്ന ചര്‍ച്ച പരാജയമായെന്നും ജി സുരേഷ് വ്യക്തമാക്കി. മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ വിളിച്ചു ചേര്‍ത്ത യോഗവും മാറ്റിവച്ചിരുന്നു. തിയറ്ററില്‍ ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആന്റണി പെരുംബാവൂര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ സ്വീകരിക്കാത്തതോടെയാണ് ചര്‍ച്ച പരാജയമായത്. തിയറ്റര്‍ റിലീസിന് വേണ്ടി പണം ഡിപ്പോസീട് നല്കാമെന്ന് തിയറ്റര്‍ ഉടമകള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ലഭിച്ച തുക മിനിമം ഗ്യാരന്റിയായി നല്കണമെന്ന് ആന്റണി പെരുംബാവൂര്‍ ആവശ്യപ്പെട്ടതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. 100 കോടി രൂപയോളം ചിലവാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, ഫാസില്‍ തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്. രണ്ട് വര്‍ഷമെടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.