സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ”മരക്കാര്‍; അറബിക്കടലിന്റെ സിംഹം” തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ഫിലിം ചേംബര്‍. 2020 മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം കോവിഡ് പ്രതിസന്ധി മൂലം നീണ്ടു പോവുകയായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി അനിശ്ചിതമായി തുടര്‍ന്നതോടെ ചിത്രം ഒ ടി ടി യില്‍ റിലീസ് ചെയ്യാനുള്ള ആലോചനകള്‍ ആരംഭിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ ഇത് സ്ഥിതീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയതിന് ശേഷം തിയറ്റര്‍ ഉടമകളുടെ സംഘടന ചിത്രം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി ഫിലം ചേംബര്‍ എത്തിയിരിക്കുന്നത്. തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരമാണ് ഫിലിം ചേംബറിന്റെ ഇടപെടല്‍. ചിത്രം തിയറ്റര്‍ റിലീസ് ആണെന്ന് ഉറപ്പ് വരുത്താന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂറുമായി ഫിലിം ചേമ്പര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ചര്‍ച്ച നടത്തും.