പ്രളയക്കെടുതിയിൽ കേരളം ദുരിതമാനഭവിക്കുമ്പോൾ താൻ നാട്ടിലില്ലാതെ പോയതിൽ ദുഖിക്കുന്നുവെന്നുപറഞ്ഞു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ദുൽഖർ സൽമാന് വിമർശനങ്ങളുടെ പെരുമഴ.
എന്നാൽ ഈ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയുമായി ദുൽഖർ രംഗത്തെത്തി. താൻ നാട്ടിൽ ഇല്ലാതെ പോയെന്ന ഒറ്റ കാരണത്താൽ താൻ ഒരു സഹായവും ചെയ്യുന്നില്ലെന്നു കരുതുന്നവരോട് തനിയ്‌ക്കൊന്നും പറയാനില്ലെന്നും ഈ സമയത്തെങ്കിലും ഉള്ളിലുള്ള വെറുപ്പും നെഗറ്റിവിറ്റികളും മുൻവിധികളും മാറ്റി വയ്ക്കണമെന്നും ദുൽഖർ മറുപടി നൽകി.
ഇത്തരം കമന്റിടുന്നവർ ആരെയും ദുരിതാശ്വാസ ക്യാമ്പിന്റെ അടുത്തുപോലും കാണാറില്ലെന്നും മറ്റുള്ളവരെ ഇത്തരത്തിൽ ആക്രമിക്കുന്നത് വഴി നിങ്ങൾ ഒരിക്കലും മറ്റുള്ളവരെക്കാൾ മികച്ചതാവില്ലെന്നും ദുൽഖർ എഫ് ബിയിലൂടെ അറിയിച്ചു. നേരത്തെ ദുൽഖറും മമ്മൂട്ടിയും ചേർന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.