തിരുവനന്തപുരം : കേരളം നേരിടുന്ന പ്രളയ കെടുതിയിൽ ഒരു കൈത്താങ്ങുമായി മലയാള തമിഴ്തെലുഗു സിനിമാ ലോകത്തെ താരങ്ങളും രംഗത്തെത്തി. മമ്മൂട്ടിയും മകൻ ദുൽക്കർ സൽമാനും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. നേരത്തെ നടൻ മോഹൻലാൽ 25 ലക്ഷം രൂപ നൽകിയിരുന്നു.
താര സംഘടനയായ അമ്മയുടെ പേരിൽ 10 ലക്ഷം രൂപ മോഹൻലാലിന്റെ നിർദേശപ്രകാരം നടൻമാരായ മുകേഷും ജഗദീഷും ചേർന്ന് മുഖ്യമന്ത്രിയ്ക്ക് കൈ മാറിയിരുന്നു.
തമിഴ്, തെലുഗു നടന്മാരായ സൂര്യ, കാർത്തി, കമൽഹാസൻ, വിജയ്, ദേവേരക്കൊണ്ട തുടങ്ങിയവരും സഹായവുമായി രംഗത്തെത്തി.
അൻപോട് കൊച്ചി എന്ന കൂട്ടായ്മ ദുരിത ബാധിത പ്രദേശങ്ങളിൽ ഉള്ളവർക്ക് വേണ്ടി ആഹാരവും വസ്ത്രവുമടക്കമുള്ള അവശ്യ സാധനങ്ങൾ ശേഖരിച്ചു നൽകി വരുന്നു. കൂടാതെ നടൻ ജയസൂര്യ ആലുവയിലെ ക്യാമ്പിലെത്തി അവശ്യ സാധനങ്ങൾ വിതരണം ചെയ്തു.
കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തമായി ചെന്നൈ ആസ്ഥാനമായുള്ള തെന്നിന്ത്യൻ നടികർ സംഘം ആദ്യ ഘട്ടമായ 5 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.