കൊച്ചി : റൺവേയിലും പാർക്കിംഗ് ബേയിലും ഓപ്പറേഷൻസ് ഏരിയയിലുമടക്കമുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്നു നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു. നേരത്തെ കുറേശ്ശയായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടു വെള്ളം കയറുന്നത് നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ശനിയാഴ്ച ഉച്ചവരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.
നെടുമ്പാശേരിയിൽ നിന്നും സർവ്വീസ് നടത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ എല്ലാം തിരുവനന്തപുരത്ത് നിന്നും സർവ്വീസ് നടത്തുന്നതാണെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്. കൊച്ചി -മസ്കറ്റ് -കൊച്ചി, കൊച്ചി -ദുബായ് -കൊച്ചി സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളാണ് റദ്ദാക്കിയത്.
ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം മുംബൈയിലേയ്ക്കും ദോഹയിൽ നിന്നുള്ള ജെറ്റ് എയർ വെയിസ് വിമാനം ബംഗളുരുവിലേയ്ക്കും വഴി തിരിച്ചു വിട്ടിട്ടുണ്ട്.