എറണാകുളം ജില്ലയിൽ ചോറ്റാനിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സാക്ഷാൽ “ആദിപരാശക്തി മാതാവ് “, മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപെട്ടിരിക്കുന്നു. ഇക്കാരണത്താലാണ് “അമ്മേ നാരായണ, ദേവീ നാരായണ “എന്ന് ഭക്തർ സ്തുതിക്കുന്നത്.
ഈ ക്ഷേത്രത്തിൽ ദേവി മൂന്ന് ഭാവങ്ങളിലാണ് ആരാധിക്കപ്പെടുന്നത്. സരസ്വതി ദേവീയായി പ്രഭാതത്തിലും, ചുവന്ന വസ്ത്രമണിയിച്ചു ഉച്ചയ്ക്ക് ഭദ്രകാളിയായും, ദുഃഖ നാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ദേവിയെ ഇവിടെ ആരാധിക്കപ്പെടുന്നു. ഇതുകൂടാതെ മഹാലക്ഷ്മിയായും ശ്രീപാർവതിയായും സങ്കല്പമുണ്ട്.
മദ്യപാനത്തിൽ നിന്നും മനസികരോഗങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടി ഇവിടെയെത്തി ഭജനമിരിയ്ക്കൽ ,ഗുരുതിപൂജ എന്നീ വഴിപാടുകൾ നടത്തുന്നവർ നിരവധിയാണ്.
മേൽക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങൾ ചോറ്റാനിക്കരയിലുണ്ട്. പരാശക്തിയുടെ ഉഗ്രഭാവമുള്ള ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. ഇവിടെയാണ് പ്രസിദ്ധമായ ഗുരുതിപൂജ നടക്കുന്നത്. കുംഭമാസത്തിലെ മകംതൊഴലും പൂരം തൊഴലും നവരാത്രിയും തൃക്കാർത്തികയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ.