സ്വന്തം രാജ്യത്തിന് വേണ്ടി ജീവിതത്തിലെ സുഖങ്ങളെല്ലാം ത്യജിച്ച ശ്രീരാമൻ ഒരു ഉത്തമ പുരുഷന്റെ മാതൃകയാണ് നമുക്ക് കാട്ടിതരുന്നത്. രാമായണത്തിലൂടെ രാമൻ നല്കുന്ന സന്ദേശങ്ങൾ നമുക്ക് ജീവിതത്തിൽ പകർത്താൻ കഴിഞ്ഞാൽ സന്തോഷവും സമാധാനവും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയും.
ക്ഷിപ്രകോപിയായ ലക്ഷ്മണൻ ക്ഷണിക ജീവിതത്തിന്റെ പ്രതീകം ആണ്. മുൻകോപിയായ ലക്ഷ്മണന്റെ പാതയിലൂടെ സഞ്ചരിക്കാതെ ശാന്ത ചിത്തനും ചിന്താ ശീലനുമായ രാമന്റെ മാർഗ്ഗം നമ്മൾ പിന്തുടരുക.
“ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ
വഹ്നി സന്തപ്ത ലോകസ്ഥാംബു ബിന്ദുന
സന്നിഭം മർത്യജന്മം ക്ഷണ ഭംഗുരം ”
രാമായണത്തിൽ ശ്രീരാമൻ, ലക്ഷ്മണന് നല്കുന്ന ഉപദേശത്തിലെ വരികളാണിവ. നശ്വരവും ക്ഷണികവുമായ മനുഷ്യ ജീവിതത്തിന്റെ അവസ്ഥകളാണ് ഈ വരികളിലൂടെ അദ്ദേഹം നമുക്ക് ചൂണ്ടി കാട്ടി തരുന്നത്. രാമൻ ലക്ഷ്മണന് നല്കുന്ന ഓരോ ഉപദേശവും അഹന്തയും ആർത്തിയും ക്രൂരതയും നിറഞ്ഞ ഇന്നത്തെ മനുഷ്യന് നേരെയുള്ള താക്കീതാണ്.