കേരളത്തിൽ മത്സ്യ വിപണി പ്രതിസന്ധി രൂക്ഷമായി തുടരുന്നു
തിരുവനന്തപുരം : മത്സ്യ വിപണനം പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് മൽസ്യക്കച്ചവടം മാന്ദ്യത്തിലേക്ക്. അന്യ സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനെത്തുന്ന മത്സ്യങ്ങളിൽ രാസപദാർത്ഥങ്ങളുടെ പ്രയോഗം വൻതോതിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് മത്സ്യ വിപണനം രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. ഫോർമാലിൻ കലർന്ന ടൺ കണക്കിന് മത്സ്യമാണ് ദിനംപ്രതി അതിർത്തി കടന്നു കേരളത്തിൽ എത്തിച്ചേരുന്നത്.
ഫോർമാലിനും അമോണിയായും കൂടാതെ ആന്റി ബയോട്ടിക്ക് ഔഷധങ്ങൾ നൽകി വളർത്തിഎടുത്ത ചെമ്മീനും സംസ്ഥാനത്ത് എത്തുന്നുണ്ട്. മനുഷ്യരുടെ രോഗ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന ഈ ആന്റി ബയോട്ടിക്ക് ചെമമീനുകൾ മാരകമായ രോഗങ്ങൾക്കും മരണത്തിനു വരെയും ഇടയാക്കുന്നവയാണ്.
ക്ലോറോം ഫെനിക്കോൾ, നൈട്രോഫ്യുറാൻ, ടെട്രാസൈക്ലിൻ എന്നിവ ഉൾപ്പെടെയുള്ള ഇരുപതോളം ഇനത്തിൽ പെട്ട ആന്റി ബയോട്ടിക്ക് ഔഷധങ്ങൾ നൽകി വളർത്തി വലുതാക്കിയ ചെമമീനുകളാണ് ഇപ്പോൾ കേരളത്തിൽ എത്തുന്നത്. സംസ്ഥാനത്തെത്തുന്ന ഇത്തരം മത്സ്യങ്ങൾ ആണ്ട്രാപ്രദേശിലെ ചെമ്മീൻ കെട്ടുകളിൽ വളർത്തുന്നവയാണ്.
നമ്മൾ രുചിയോടെ ഭക്ഷിക്കുന്ന ഈ മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ ക്രമേണ നമ്മുടെ രോഗ പ്രതിരോധശേഷി നഷ്ടപ്പെടുത്തി, ഗുരുതരമായ രോഗങ്ങളിൽ എത്തിക്കുകയോ പെട്ടെന്നുള്ള മരണത്തിനു കാരണമാകുകയൊ ചെയ്യാറുണ്ട്.
സംസ്ഥാനത്ത് എത്തുന്ന മുഴുവൻ മത്സ്യവും പരിശോധിക്കാനുള്ള സംവിധാനം ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇപ്പോഴില്ല. അതിനാൽ ചെക്ക് പോസ്റ്റുകളിൽ നിന്നും വല്ലപ്പോഴും മാത്രം പിടിച്ചെടുത്തു വാർത്ത സൃഷ്ടിക്കാൻ മാത്രമേ ഈ പരിശോധനകൾക്ക് കഴിയുന്നുള്ളൂ. അതും ഒരു പ്രഹസനമായി അവശേഷിക്കുകയും വീണ്ടും ഇത്തരം വിഷമത്സ്യങ്ങളുടെ ഒഴുക്ക് കേരളത്തിലേയ്ക്ക് തുടരുകയും ചെയ്യും..