കേരളത്തിലെന്നല്ല ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ല പിടിയരി നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ഒരു ക്രിസ്ത്യന്‍ പള്ളി. എന്നാല്‍ ചേര്‍ത്തലയിലുള്ള തങ്കിപ്പള്ളിയില്‍ പ്രധാന നേര്‍ച്ച, ഒരു പിടി അരി കിഴികെട്ടി പീഡാനുഭവ തിരുസ്വരൂപത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നതാണ്.
പള്ളിയില്‍ ഈ നേര്‍ച്ച നടത്തുന്നതിനുപിന്നില്‍ ഒരു കഥയുണ്ട്. അതു പള്ളിയിലെ തിരുസ്വരൂപത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. 1930 കാലയളവില്‍ തിരുവിതാംകൂര്‍ തീരദേശത്തിന്‍റെ വടക്കേയറ്റം കടുത്ത ദാരിദ്യത്തിലും ജാതീയമായ ഉച്ച നീചത്വങ്ങളിലും പെട്ടുകിടക്കുകയായിരുന്നു. ഇതിനൊരു പരിഹാരമായി, അന്നത്തെ വികാരിയായിരുന്ന ഫാ: ജോര്‍ജ് കരോട്ട് ഒരു പീഡാനുഭവ തിരുസ്വരൂപം തങ്കിപ്പള്ളിയില്‍ വാങ്ങാന്‍ തീരുമാനിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശമായതിനാല്‍ ഇതിലേയ്ക്ക് പണം സ്വരൂപിക്കുന്നതിലേയ്ക്കായി, വികാരിയുടെ നിര്‍ദ്ദേശപ്രകാരം ഇടവകയിലുള്ള സ്ത്രീകള്‍ ഒരു ദിവസം ഒരു പിടി അരി വീതം മാറ്റിവയ്ക്കാന്‍ തുടങ്ങി. ആഴ്ചയിലൊരിക്കല്‍ വട്ടിയില്‍ അരിശേഖരിച്ചു പള്ളിയിലെത്തിക്കും. ഇങ്ങനെ ഒരു വര്‍ഷം സംഭരിച്ച അരിവിറ്റ് തിരുസ്വരൂപം വാങ്ങി പള്ളിയില്‍ വച്ചു പട്ടിണികിടന്നുപോലും സ്ത്രീകള്‍ മിച്ചം പിടിച്ച പിടി അരിയുടെ ഓര്‍മ്മയിലേയ്ക്കാണ് തിരുസ്വരൂപത്തിനു മുന്നില്‍ ഇപ്പോഴും പിടിയരി നേര്‍ച്ച സമര്‍പ്പണം നടത്തുന്നത്. ഇവിടെ പിടിയരി നേര്‍ച്ച നടത്താന്‍ വീട്ടില്‍ നിന്നും അരികൊണ്ട് വരികയോ പള്ളികമ്മറ്റി സ്റ്റാളില്‍ നിന്നും വാങ്ങുകയോ ചെയ്യാവുന്നതാണ്. ഇങ്ങനെ നേര്‍ച്ച നല്‍കുന്ന അരി ഉപയോഗിച്ച് ചേര്‍ത്തല ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്നു ദിവസം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നദാനം നടത്തുന്നു. കൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും പള്ളിയില്‍ നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തുന്നുണ്ട്.