ക്ഷേത്രത്തില്‍ ചെന്ന്‍ ദേവന്‍റേയോ ദേവിയുടെയോ മുന്നില്‍ ഇരുകൈപ്പത്തികളും കൂട്ടിച്ചേര്‍ത്ത് അഞ്ജലി ബദ്ധമായിട്ടുവേണം നമസ്ക്കരിക്കേണ്ടത്. തള്ളവിരലും ഇടതുകൈയുടെ തള്ളവിരലും ചേര്‍ന്നുതന്നെ വരണം. അതുപോലെ ഇരു കൈകളുടെയും വിരലുകള്‍ പരസ്പരം ചേര്‍ന്ന്‍ തന്നെ വരണം.
കൈകള്‍, കൂപ്പിയുള്ള ഈ വന്ദനത്തിന് പ്രത്യേകമായ ഒരു അര്‍ത്ഥമുണ്ട് ഭൂമി, ജലം, അഗ്നി, വായു ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളായാണ് നമ്മുടെ കയ്യിലെ അഞ്ചുവിരലുകള്‍. പഞ്ച ഭൂതങ്ങളാല്‍ നിര്‍മ്മിതമായ നമ്മെ തന്നെ നാം ദൈവത്തിനു സമര്‍പ്പിക്കുന്നുവെന്നാണ് ഈ കൈകൂപ്പിയുള്ള വന്ദനം അര്‍ത്ഥമാക്കുന്നത്.
എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തില്‍ ഈശ്വരന്‍ കുടികൊള്ളുവെന്ന് ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നുണ്ട്. പഞ്ചഭൂതങ്ങളുടെ പ്രതീകമായ കൈകള്‍ കൂപ്പി ശരീരത്തോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ നാം നമ്മെ ഈശ്വരനില്‍ അര്‍പ്പിക്കുന്നു വെന്നാണതിന് അര്‍ത്ഥം വരുന്നത്.
ഇരുകൈകളും കൂപ്പി തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിച്ച് വന്ദിക്കുന്നത്തിലൂടെ, ശരീരത്തിനകത്തെ മൂലാധാരത്തില്‍ നിന്നും ശിരസിലുള്ള സഹസ്രാരപന്മം എന്നസ്ഥാനം വരെ ഉയരുന്ന കുണ്ഡലിനീശക്തിയെയാണ് സൂചിപ്പിക്കുന്നത്. വന്ദനത്തിനും അതിന്‍റേതായ നിഷ്ഠയുണ്ടെന്ന് ഇതില്‍ നിന്നും മനസിലായിക്കാണുമല്ലോ! അതിനാല്‍ നിഷ്ഠയോടെ വന്ദനം ചെയ്താല്‍ മാത്രമേ അതിന്‍റെ ഫലം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നമുക്ക് ലഭിക്കുകയുള്ളു.