കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്നു. പാര്‍ട്ടിയുടെ പൊതു ജനസമ്മതി ഉയര്‍ത്തുകയും ബഹുജനാടിത്തറ വിപുലമാക്കുകയുമാണ് അദ്ദേഹത്തിന്‍റെ ആഗമന ലക്ഷ്യം. കേരള സമൂഹത്തിന് ബഹുമാനവും മതിപ്പും ഉള്ള വ്യക്തികളെ കൂടെ കൂട്ടുവാനും സാമുദായിക ശക്തികളെ ഒപ്പം നിര്‍ത്തുവാനും ഉദ്ദേശിക്കുന്നതിനോടൊപ്പം പാര്‍ട്ടിയുടെ താഴെ തട്ടില്‍ വരെ ചലനം സൃഷ്ടിക്കാവുന്ന പ്രചാരണ പരിപാടിയ്ക്ക് തുടക്കമിടുവാനും ലക്ഷ്യമുണ്ട്.
ജൂണ്‍ 2ന് കൊച്ചിയിലെത്തുന്ന അമിത്ഷാ, കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ വച്ച് മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ചനടത്തും. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹിയോഗങ്ങളിലും പങ്കെടുക്കുന്ന അദ്ദേഹം, ബിജെപിയുടെ ജനപ്രതിനിധി കളുമായും ചര്‍ച്ച നടത്തും. തിരുവനന്തപുരത്തെത്തുന്ന അമിത്ഷാ, പാര്‍ട്ടിയുടെ ബൂത്ത് യോഗത്തിലും പങ്കെടുക്കുന്നതാണ്.
96 ദിവസത്തെ ഭാരതപര്യാടനത്തിന്‍റെ ഭാഗമായി കേരളത്തിലെത്തുന്ന അമിത്ഷായുടെ വരവ് ഒരു സംഭവം തന്നെയാക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. രണ്ടാം തീയതി രാവിലെ കൊച്ചിയിലെത്തുന്ന അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ഉജ്വല സ്വീകരണമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. അതുപോലെ തിരുവനന്തപുരത്തും വിപുലമായ സ്വീകരണ പരിപാടി ഒരുക്കിയിട്ടുണ്ട്.