തിരുവനന്തപുരം: രണ്ടു മാസത്തെ സ്കൂള്‍ അവധിക്കാലത്തിന് വിടനല്‍കി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കുന്നു. സ്കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് തിരുവനന്തപുരം, ഊരുട്ടമ്പലം യു.പി സ്കൂളിലാണ്. ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ഒട്ടേറെ നൂതന പരിഷ്ക്കാരങ്ങളോടെയാണ് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നത്.
ദളിത് വിദ്യാര്‍ത്ഥിയ്ക്ക് പ്രവേശനം നല്‍കിയത് വഴി ജാതി വ്യവസ്ഥിതിയ്ക്കെതിരായ ചരിത്ര പോരാട്ടത്തിന് വേദിയായ ഊരുട്ടമ്പലം സ്കൂളിലാണ് പ്രവേശനോത്സവത്തിന് തുടക്കം കുറിക്കുന്നത് എന്നതുതന്നെ പ്രത്യേകതയുളവാക്കുന്നതാണ്. സ്കൂള്‍ തുറക്കുന്നതിനു മുന്‍പായി തന്നെ പുസ്തകങ്ങളും യൂണിഫോമുകളും സ്കൂളുകളിലെത്തിക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ വകുപ്പിന്‍റെ നേട്ടമായി കണക്കാക്കാം.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അരലക്ഷത്തോളം കുട്ടികള്‍ കൂടുതലായി സ്കൂളുകളിലെത്തുമെന്നാണ് കണക്കു കൂട്ടല്‍. കൊഴിഞ്ഞു പോക്കിനെ തടയിട്ടുകൊണ്ട് പരമാവധി കുട്ടികളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.