തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ പുതിയ കഥയുമായി യുവതിയുടെ അമ്മ രംഗത്തെത്തി. സ്വാമി, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാനസികാസ്വാസ്ഥ്യം ഉള്ളമകളുടെ, കാമുകനാണ് ഈ കൃത്യം നിര്‍വ്വഹിച്ചതെന്നും പെണ്‍കുട്ടിയുടെ അമ്മ അറിയിച്ചു. ഡിജിപിയ്ക്ക് രേഖാമൂലം നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. സ്വാമിയുടെ സഹായിയും പെണ്‍കുട്ടിയുടെ കാമുകനുമായ അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും കഴിഞ്ഞകുറേ നാളുകളായി മകളുടെ മാനസിക നില തകരാറിലാണെന്നും അതിനാല്‍ മനോനിലതെറ്റിയ അവസ്ഥയിലാണ് സ്വാമിയെ ആക്രമിച്ചതെന്നും അമ്മ പറയുന്നു.
മകളെ, സ്വാമി ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്നും മകളുടെ പ്രണയത്തെ സ്വാമി എതിര്‍ത്തതിലുള്ള വിരോധമാണ് ഈ കൃത്യത്തിലേയ്ക്ക് നയിച്ചതെന്നും അവര്‍ പറയുന്നു. സംഭവം നടന്നതിനുശേഷം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിലേയ്ക്കാണ് മകള്‍ പോയതെന്നും അതിനുശേഷം തങ്ങളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും സ്വാമി, മകളെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴിനല്‍കണമെന്ന് പോലീസുകാര്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
ഈ മാസം 19 ന് തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചെടുത്തുവെന്നും വീട്ടിലെ നിത്യസന്ദര്‍ശകനായ സ്വാമിതന്നെ 10 വര്‍ഷമായി പീഡിപ്പിക്കുകയാണെന്നും അതിലുള്ള പ്രതികാരമായാണ് ഈ കൃത്യം നടത്തിയതെന്നും അന്ന്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. അതിനിടയിലാണ് പെണ്‍കുട്ടിയുടെ അമ്മ മറ്റൊരു കഥയുമായി രംഗത്തെത്തിയിട്ടുള്ളത്.