തിരുവനന്തപുരം: ഇന്ന്‍ സംസ്ഥാനത്തുള്ള ഹോട്ടലുകളും ഒരു വിഭാഗം മെഡിക്കല്‍ ഷോപ്പുടമകളും കടകളടച്ച് പ്രതിഷേധിക്കുന്നു. ജൂലൈ 1 മുതല്‍ ചരക്കു സേവനനികുതി ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുകള്‍ അടച്ചിടുന്നത്.
ഓണ്‍ലൈന്‍ വഴിയുള്ള ഫാര്‍മസികളെ തടയണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം മെഡിക്കല്‍ ഷോപ്പുടമകള്‍ കടയടച്ച് പ്രതിഷേധിക്കുന്നത്. ഇന്ന്‍ സംസ്ഥാനത്തുള്ള മിക്ക ഹോട്ടലുകളും തുറന്നിട്ടില്ല. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ പലയിടങ്ങളിലും പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഹോട്ടല്‍ സേവനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങളാണ് ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ നിശ്ചയിച്ചത്. 5 സ്റ്റാര്‍, 7 സ്റ്റാര്‍, ഹോട്ടലുകള്‍ക്ക് 28 ശതമാനവും 2500 മുതല്‍ 5000 രൂപവരെ മുറിവാടകയുള്ള ഹോട്ടലുകള്‍ക്ക് 18 ശതമാനവുമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. 1000 മുതല്‍ 2500 രൂപവരെ നിരക്കുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനം നികുതി ഈടാക്കും. എന്നാല്‍ 1000 രൂപയില്‍ താഴെയുള്ള ഹോട്ടലുകള്‍ക്ക് ഏറ്റവും കുറഞ്ഞ നികുതി നിരക്കായി അഞ്ചു ശതമാനമായിരിക്കും ഈടാക്കുന്നത്.