ചെന്നൈ: തമിഴ്‌നാടിന് അർഹമായ വെള്ളം വിട്ടു കിട്ടാനായി കേരളത്തിൽ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ അറസ്റ്റു ചെയ്ത എൽടിടിഇ അനുകൂലികളുടെ മൊഴി. സേലം സ്വദേശികളായ നവീൻ ചക്രവർത്തി, സഞ്ജയ് പ്രകാശ് എന്നിവരാണ് എൻഐഎയുടെ പിടിയിലായത്. തമിഴ്നാടിന് അർഹമായ വെളളം വിട്ടുകിട്ടുന്നതിന് വേണ്ടി കേരളത്തിൽ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്. ഇതിനായി വേൾഡ് തമിഴ് ജസ്റ്റിസ് കോടതി എന്ന പേരിൽ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാൻ നീക്കമുണ്ടായിരുന്നതായും ഇവർ മൊഴി നൽകിയെന്നാണ് സൂചന.തമിഴ്‌നാട്ടിലെ വാണിജ്യ സ്ഥാപനങ്ങൾക്കും പ്രമുഖ നേതാക്കൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ അറസ്റ്റ്. കഴിഞ്ഞ 7 ന് ദേശീയ അന്വേഷണ ഏജൻസി എൽടിടിഇ അനുകൂലികൾക്കായി സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. ശേഷം ഇവരുടെ താമസസ്ഥലത്ത് എൻഐഎ നടത്തിയ റെയ്ഡിൽ എൽടിടിഇയെ കുറിച്ചുള്ള പുസ്തകങ്ങൾ, കൊല്ലപ്പെട്ട നേതാവ് പ്രഭാകരൻ ഉൾപ്പെടെയുള്ള എൽടിടിഇ നേതാക്കളുടെ ഫോട്ടോകൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബില്ലുകൾ, കാട്ടിൽ കഴിയാനുളള കിറ്റുകൾ, സയനൈഡിന് പകരമായി ഉപയോഗിക്കുന്ന വിഷ ചെടികൾ, വിത്തുകൾ എന്നിവ കണ്ടെത്തുകയായിരുന്നു.