ന്യൂഡൽഹി: Kerala Bank: കേരള ബാങ്കിന് 48 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 19ാം വകുപ്പ്, ബുള്ളറ്റ് റീപേപെയ്‌മെന്റ് (വായ്പ കാലാവധിയുടെ അവസാനം പലിശയും മുതലും അടയ്ക്കുന്ന രീതി) വ്യവസ്ഥയിൽ നൽകുന്ന സ്വർണ വായ്പകൾ സംബന്ധിച്ച ചട്ടം എന്നിവ പാലിക്കാതിരുന്നതിനാണ് കേരള ബാങ്കിനെതിരെ ഇത്തരമൊരു നടപടിയുമായി ആർബിഐ രംഗത്തെത്തിയത്.നബാർഡ് (നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ്) നടത്തിയ പരിശോധനയിലാണ് ഈ വീഴ്ചകൾ കണ്ടെത്തിയത്. സഹകരണ ബാങ്കുകൾ ഇതര സഹകരണ സംഘങ്ങളിൽ ഓഹരി കൈവശം വയ്ക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളിൽ (19ാം വകുപ്പ്) വീഴ്ചയുണ്ടായതായി ആർബിഐ ചൂണ്ടിക്കാട്ടി. മാത്രമല്ല ബുള്ളറ്റ് തിരിച്ചടവ് രീതിയിൽ അനുവദിക്കാവുന്ന സ്വർണ വായ്പകളുടെ അളവ് പരിമിതപ്പെടുത്തുന്ന ആർബിഐ നിർദേശങ്ങൾ പാലിക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടിസ് ആർബിഐ നൽകിയിരുന്നു. ഇതിന് കേരള ബാങ്കിന്റെ മറുപടി കൂടി കേട്ട ശേഷമാണ് ആർബിഐ പിഴ ചുമത്തിയത്.