തിരുവനന്തപുരം : കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപികയുടെ പീഡന പരാതി. തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതി മൊഴി നൽകി. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും യുവതി പറഞ്ഞു. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കോവളത്ത് വെച്ച് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ ഇന്നലെ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റിനോട് പറഞ്ഞു.കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നും കൂടാതെ അതിൽ പണം വാഗ്ദാനം ചെയ്തെന്നും യുവതി മൊഴി നൽകി. കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മർദ്ദിച്ചുവെന്നാണ് പരാതി. എന്നാൽ യുവതി നേരത്തെ മൊഴി നല്കാൻ തയ്യാറായിരുന്നില്ല. പരാതിയിൽ ഇവർ ഉറച്ചു നിൽക്കുകയാണെങ്കിൽ എംഎൽഎക്ക് എതിരെ പീഡന കേസ് റജിസ്റ്റർ ചെയ്യും.യുവതിയെ കാണാൻ ഇല്ലെന്ന് കാണിച്ച് സുഹൃത്ത് കഴിഞ്ഞ ദിവസം പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് ഇവരുമായി കോവളത്തേക്ക് തെളിവെടുപ്പിന് പോവുകയായിരുന്നു. കഴിഞ്ഞമാസം 14നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പിന്നീട് സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസിന് കൈമാറി. എന്നാൽ കേസിൽ രണ്ട് തവണ മൊഴി നൽകാനായി അധ്യാപികയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ബന്ധുക്കളുമായി ആലോചിച്ച ശേഷം വിശദമായ മൊഴി നൽകാമെന്നായിരുന്നു യുവതി പറഞ്ഞത്. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎ പ്രതികരിച്ചത്.