ഇന്ധവില വര്‍ദ്ധനവിന് എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധവുമായി എത്തിയ നടന്‍ ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെറീഫിനെ അറസ്റ്റ് ചെയ്തു. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് ഷെറീഫ്. കേസില്‍ ആദ്യം അറസ്റ്റിലായ ജോസഫിന്റെ മോഴിയുടെ അടിസ്ഥാനത്തിലാണ് ഷെറീഫിനെ അറസ്റ്റ് ചെയ്തത്. ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. അറസ്റ്റിലായ ഷെറീഫിനെ ഇന്ന് ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. അതേ സമയം അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്‍പോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ളത് കള്ളക്കേസ് ആണെന്നും താരത്തിന് എതിരെ കേസെടുത്തില്ലെങ്കില്‍ ജില്ലാ തലത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനുമാണ് കോണ്‍ഗ്രസിന്റെ പക്ഷം.