പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം. ആലപ്പുഴ പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. അടിയേറ്റ് കണ്ണിന് ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് അരുണിനെ അയല്‍ക്കാരന്‍ ശാര്‍ങ്ങധരന്‍ മര്‍ദ്ദിച്ചത്. കുട്ടികളും ചേര്‍ന്ന് കളിക്കുന്നതിനിടെ ശാരങ്ങധരന്‍ എത്തി സ്വന്തം കൊച്ചുമക്കളെ തല്ലിയിരുന്നു. ഇയാള്‍ കളിപ്പാട്ടങ്ങള്‍ എടുത്തത് എന്തിനെന്ന് ചോദ്യം ചെയ്തപ്പോളാണ് അരുണിനെ ഇയാള്‍ തല്ലിയത്. അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോളാണ് പരിക്ക് ഗുരുതരമാണെന്ന് മനസ്സിലായത്.