ന്യഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടി മുന്നേറ്റം തുടരുന്നതിനിടെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വിജയാഘോഷം തുടങ്ങി. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തും പ്രവർത്തകർ ആഘോഷങ്ങൾക്കു തുടക്കമിട്ടു.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പായതോടെ പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്യാനും മുദ്രാവാക്യങ്ങൾ വിളിക്കാനും ആരംഭിച്ചു. കേവലഭൂരിപക്ഷം തികയ്ക്കാൻ 46 സീറ്റുകൾ മാത്രം ആവശ്യമുള്ള ഛത്തീസ്ഗഡിൽ കോൺഗ്രസ് 56 സീറ്റുകളിൽ മുന്നിട്ടു നിൽക്കുകയാണ്. രാജസ്ഥാനിലും 94 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്ന കോൺഗ്രസ് ബിജെപിയെക്കാൾ ബഹുദൂരം മുന്നിലാണ്.
2003 മുതൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനും കോൺഗ്രസിന് ഗണ്യമായ മുന്നേറ്റം നടത്താനായിട്ടുണ്ട്. പാർട്ടി ഭൂരിപക്ഷം നേടുമെന്നായിരുന്നു മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽ നാഥിൻ്റെ പ്രതികരണം.
അതേസമയം, വോട്ടെണ്ണൽ നടക്കുന്ന മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടും തെലങ്കാനയിൽ ടിആർഎസുമാണ് മുന്നിൽ.