ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകളിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളിൽ നിന്ന് പിന്തിരിഞ്ഞു നടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബഹുദൂരം പിന്നിൽ നിൽക്കുന്ന സാഹചര്യത്തിലായിരുന്നു മോദി മാധ്യമങ്ങളെ കണ്ടത്.
പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കുന്നത്. പാര്‍ലമെന്‍റ് ശീതകാല സമ്മേളനം തുടങ്ങുകയാണെന്നും സഭയുടെ സുഗമമായ നടത്തിപ്പിന് ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നുമായിരുന്നു മോദി മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിൽ നിന്ന് ഒഴിഞ്ഞുമാറി തിരിഞ്ഞു നടക്കുകയായിരുന്നു മോദി.
ഈ പാര്‍ലമെന്‍റ് സെഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. ജനങ്ങളെ സംബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എല്ലാ അംഗങ്ങളും ഈ വികാരം മാനിച്ചുകൊണ്ട് മുമ്പോട്ടുപോകുമെന്നാണ് എൻ്റെ വിശ്വാസം. എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്താനാണ് ഞങ്ങളുടെ ശ്രമം. ഇത്രയും പറഞ്ഞ ശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ തിരിഞ്ഞു നടക്കുകയായിരുന്നു മോദി.