നെയ്യാറ്റിൻകര: ഡിവൈഎസ്‍പി ഹരികുമാര്‍ കാറിനു മുന്നിൽ തള്ളിയിട്ടു കൊന്ന സനൽകുമാറിന്‍റെ കുടുംബത്തിന് ധനസഹായം വൈകുന്നു. സംഭവം നടന്ന് ഒരുമാസമായിട്ടും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ധനസഹായമായി യാതൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 22 ലക്ഷം രൂപ കടബാധ്യതയുള്ള കുടുംബം ജപ്തി ഭീഷണിയും നേരിടുന്നുണ്ട്.
അതേസമയം, പോലീസുകാരനാൽ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കുന്നതേയുള്ളൂ. സനൽകുമാറിന്‍റെ ഭാര്യ വിജി സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ കടബാധ്യതയിൽ മനംനൊന്തായ് സനൽകുമാറിന്‍റെ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആ ബാധ്യതയാണ് 22 ലക്ഷത്തിൽ എത്തിനിൽക്കുന്നത്. സനൽകുമാറിന്‍റെ മരണത്തോടെ ഈ ബാധ്യത വിജിയുടെയും രണ്ട് കുട്ടികളുടെയും തലയിലായിരിക്കുകയാണ്.
കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് ഡിവൈഎസ്പി ഹരികുമാർ നെയ്യാറ്റിൻകരയ്ക്ക് സമീപം സനൽകുമാറിനെ ഓടുന്ന കാറിനു മുന്നിലേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒളിവിൽ പോയ ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.