തിരുവനന്തപുരം : ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വിധത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ പരിഭ്രാന്തരാകാതെ അവയെ തിരിച്ചറിയാൻ കഴിയണമെന്നും യഥാർഥ വിവരങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശങ്ങൾ പിന്തുടരാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള ഡാമുകൾക്കു ബലക്ഷയം സംഭവിച്ചതായും ഡാമുകൾ തകരുമെന്നുമൊക്കെയുള്ള തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള കേരളത്തിലെ ഒരു ഡാമുകൾക്കും ഒരപകടവും സംഭവിച്ചിട്ടില്ലായെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് സംസ്ഥാനത്തെ എല്ലാ ഡാമുകളും പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.