തിരുവനന്തപുരം : സംസ്ഥാനം പ്രളയത്തിൽ മുങ്ങി താഴുമ്പോൾ പ്രളയബാധിത പ്രദേശങ്ങൾ നേരിൽ കണ്ടു വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകുന്നേരം കേരളത്തിൽ എത്തും. കേരളം ആവശ്യപ്പെടുന്നതെന്തും നല്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. പ്രധാനമന്ത്രി കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് താഴാത്ത അവസ്ഥയിൽ തന്നെയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക ഉണ്ടാക്കുന്നു.
സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും പോലീസും നാട്ടുകാരും കൈമെയ് മറന്നു ഒരുപോലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ ഹെലികോപ്റ്ററുകൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.