മഴക്കാലം, ഒന്നിന് പിറകെ ഒന്നായി അസുഖങ്ങളും അസ്വസ്ഥതകളും വർധിക്കുന്ന കാലമാണ്. അസുഖങ്ങളെ ചെറുത്ത് ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം നയിക്കുവാൻ വേണ്ട ഊർജ്ജം സംമ്പാദികേണ്ട കാലം കൂടിയാണ് കർക്കിടകമാസം .
ഇന്നത്തെ തിരക്ക് നിറഞ്ഞ ജീവിതത്തിലും ക്രമം തെറ്റിയ ഭക്ഷണ ക്രമത്തിലും ശരീരവും മനസ്സും വളരെ വേഗം രോഗാതുരമാകുന്നു. നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ജീവിതശൈലിയിൽ ചിട്ടയായ ശീലങ്ങളും ദിനചര്യകളും ശ്രദ്ധയോടെ പാലിക്കേണ്ടതാണ്. മഴക്കാലം വാത രോഗം വർദ്ധിപ്പിക്കുകയും പിത്തം അതോടു ചേരുകയും ചെയ്യുന്നു. കർക്കിടകമാസത്തിൽ ഇത്തരം രോഗാകുലതകളെ ചെറുത്ത് നിർത്താനും കൂടുതൽ ശാരീരിക മാനസിക ആരോഗ്യത്തോടെ ജീവിക്കുവാനും ചില ആയുർവേദ ചികിത്സാരീതികളിലൂടെ സാധിക്കുന്നതാണ്.
ധാര ചികിത്സ :
വൈദ്യ നിർദേശം അനുസരിച്ച് ഔഷധങ്ങളടങ്ങിയ ദ്രാവകം, ഉയരത്തിൽ നിന്നും ശരീരത്തിന്റെ പ്രത്യേക ഭാഗത്തേയ്ക്കു ഇടമുറിയാതെ പ്രവഹിപ്പിയ്ക്കുകയാണ് ഈ ചികിത്സ രീതിയിലൂടെ ചെയ്യുന്നത്. ധാരകളിൽ ഏറ്റവും പ്രധാനം ശിരോധാരയാണ്.
പിഴിച്ചിൽ :
തൈലത്തിൽ മുക്കിയ തുണിക്കഷണങ്ങളിൽ നിന്നും തൈലം ശരീരഭാഗങ്ങളിലേയ്ക്ക് പിഴിഞ്ഞ് പകരുകയും ശരീരമാസകലം തൈലം തടവുകയും ചെയ്യുന്നു. പ്രായമേറുന്തോറുമുള്ള അസ്വസ്ഥതകളെ അകറ്റുന്നതിനു രോഗമൊന്നുമില്ലാത്തവർക്കും ഇതു അത്യുത്തമമാണ്.
നവരക്കിഴി :
ഒരു വർഷത്തിലേറെ പഴക്കമുള്ള നവരയരി ഉപയോഗിച്ച് ചെയ്യുന്ന ഈ ചികിത്സ രീതി സ്വേദന ചികിത്സകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. രോഗിയുടെ ശരീരത്തിലും തലയിലുമായി, മറ്റു ഔഷധങ്ങൾ ചേർത്തുള്ള കിഴി ഉപയോഗിച്ച് സഹിക്കാവുന്നചൂടിൽ ശരീര മാസകലം ഉഴിയുന്ന രീതിയാണിത്.
ഉഴിച്ചിൽ :
ശിരസ്സിൽ തൈലം തേച്ചതിനു ശേഷം കഴുത്തു മുതൽ ദേഹം മുഴുവനും തൈലം തേച്ചു ഉഴിയുന്ന ചികിത്സാ രീതിയാണിത്.
വിദഗ്ദരായ ഡോക്ടർ മാരുടെ നേതൃത്വത്തിൽ ആയുർവേദ ചികിത്സ കേന്ദ്രങ്ങളിൽ വച്ചു മാത്രമേ ഇത്തരം ചികിത്സകൾ ചെയ്യാൻ പാടുള്ളൂ. സാധാരണയായി 14 മുതൽ 21 ദിവസങ്ങളിലായാണ് ഈ സുഖചികിത്സ ചെയ്യുന്നത്.