സംസ്ഥാന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സോളാർ റിപ്പോർട്ടിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിക്ക് പോവും. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. എ.ഐ.സി.സി നേതാക്കളെയും രമേശ് കാണും. സംഘടനാതിരഞ്ഞടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നേതാക്കൾക്കെതിരെയുള്ള റിപ്പോർട്ടിനെ ഗൗരവമായാണ് കോൺഗ്രസ് കാണുന്നത്.
അതിനിടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലൻസ്, ക്രിമിനൽ കേസിന്റെ അന്വേഷണം വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി.ഇന്ന് തന്നെ അന്വേഷണ ഉത്തരവുകൾ ഇറങ്ങിയേക്കും. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് തീരുമാനം. ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് തന്നെ യോഗം ചേരും. പിന്നാലെ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കാനാണ് ആലോചന.