തിരുവനന്തപുരം:സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്‌റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ടിന്മേൽ തുടർ നടപടിക്ക് സർക്കാർ നീക്കം തുടങ്ങിയതോടെ, കോൺഗ്രസ് പ്രതിരോധ വഴികളും ആലോചിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കും. കൈക്കൂലി വാങ്ങിയെന്ന സോളർ കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലിനെത്തുടർന്നുള്ള നിയമോപദേശം കണക്കിലെടുത്ത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ സോളാർ തട്ടിപ്പ് നടത്താൻ സരിത എസ്.നായരെ സഹായിച്ചതിനും മാനഭംഗപ്പെടുത്തിയതിനും ക്രിമിനൽ കേസും എടുക്കും. കേസ് തേച്ച്മായ്ച്ചു കളയാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്വാധീനിച്ചതിന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസ് എടുക്കാനും ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി സരിത എസ്. നായരുടെ കത്തിൽ പരാമർശിക്കുന്ന എല്ലാവർക്കുമെതിരെ അഴിമതിക്കും മാനഭംഗത്തിനും കേസെടുക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത് വിടാത്തതിൽ ദുരൂഹതയുണ്ടെന്നും ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന വാദമായിരിക്കും കോൺഗ്രസ് കോടതിയിൽ ഉന്നയിക്കുക. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്പ് പുറത്ത് വിട്ടതിലെ അപാകതയും കോടതിയിൽ ചൂണ്ടിക്കാട്ടും. അതേസമയം, വിഷയം ചർച്ച ചെയ്യാൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നുണ്ട്.