ദില്ലി: ജിഷ്ണു പ്രണോയുടെ മരണം സംബന്ധിച്ച കേസിലും നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള ലോ കോളേജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലും കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ നെഹ്റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്നും കോയമ്പത്തൂരില്‍ തങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേസുകള്‍ അന്വേഷിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കേരളത്തിലേക്ക് വരാന്‍ പാടുള്ളൂ. .
കൃഷ്ണദാസിനെതിരായ കേസുകള്‍ ഗൗരവമുള്ളതാണെന്നും ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യത്തില്‍ കേസ് ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, ജാമ്യം റദ്ദാക്കുന്നതിന് പകരം സംസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കൃഷ്ണദാസിനെ വിലക്കുകയായിരുന്നു. ജിഷ്ണു പ്രണോയ് കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സി.ബി ഐ നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവ് ഇറക്കി.