വിവാദങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണ് ടി പി സെൻകുമാർ. പിണറായി സർക്കാർ ഭരണത്തില്‍ വന്നതിന് ശേഷമാണ് വ്യക്തമായ കാരണങ്ങള്‍ ഒന്നും ഇല്ലാതെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും ടിപി സെൻകുമാറിനെ നീക്കം ചെയ്തത്. വ്യക്തമായ കാരണമില്ലാതെ തന്നെ നീക്കം ചെയ്യാനുള്ള പിണറായി സർക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സെൻകുമാർ കോടതിയിലെത്തിയിരുന്നു . നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ സെൻകുമാറിന് അനുകൂലമായി സുപ്രീംകോടതി വിധിവന്നു. സുപ്രീംകോടതി ഉത്തരവ് വന്നതോടെയാണ് പോലീസ് മേധാവി സ്ഥാനത്ത് സെൻകുമാർ വീണ്ടും തിരികെയെത്തിയത്. തിരികെ ചുമതലയേറ്റ ശേഷവും സെൻകുമാറിനെ വിവാദങ്ങൾ പിൻതുടർന്നത് അവസാനിച്ചിരുന്നില്ല. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ ഉത്തരവ് സർക്കാർ റദ്ദ് ചെയ്തതും, പഴ്സണൽ സ്റ്റാഫിലെ എഎസ്ഐയെ മടക്കി അയക്കണമെന്ന് സർക്കാർ നിർദേശിച്ചതുമെല്ലാം വീണ്ടും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു .
ടിപി സെൻകുമാറിന് പകരം വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ആണ് പോലീസ് മേധാവിയായി സ്ഥാനമേൽക്കുന്നത്. വിജിലൻസിന്‍റെ അധിക ചുമതല കൂടി നൽകിയാണ് ലോക്നാഥ് ബെഹ്റയുടെ സ്ഥാനോഹരണം നടത്തുന്നത്. ഇന്ന് വൈകീട്ട് 4.30ഓടെ ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായി ചുമതലയേൽക്കും