കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം കൂടുതൽ സങ്കീർണതയിലേക്ക്. ക്വാറം തികയാത്തതിനാൽ സെനറ്റ് യോഗം ചേർന്നയുടൻ പിരിഞ്ഞു. യോഗം നിയമപരമായി നിലനിൽക്കില്ലെന്ന് പറഞ്ഞ് ഭരണപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. വി.സി ഉൾപ്പെടെ 13 പേരാണ് ഇന്ന് സെനറ്റ് യോഗത്തിന് എത്തിയത്. ഗവർണറുടെ നിർദേശപ്രകാരമാണ് സർവകലാശാലയിൽ സെനറ്റ് ചേർന്നത്.102 അംഗങ്ങളാണ് കേരള സർവ്വകലാശാലയിലെ സെനറ്റിലുള്ളത്. ക്വാറം തികയണമെങ്കിൽ 21 അംഗങ്ങളെങ്കിലും മിനിമം പങ്കെടുക്കണം. വി സിക്ക് പുറമേ 10 പ്രതിപക്ഷ അംഗങ്ങളും ഗവർണറുടെ രണ്ട് നോമിനികളും മാത്രമാണ് യോഗത്തിനെത്തിയത്. യോഗത്തിൽ 11 ചാൻസിലർ നോമിനികൾ എത്തിയില്ലെന്നതും ശ്രദ്ധേയമായി. നേരത്തെ രണ്ട് തവണ സെനറ്റ് ചേർന്നെങ്കിലും വിസിയെ തീരുമാനിച്ചിരുന്നില്ല. മറിച്ച് ഗവർണർക്കെതിരെ പ്രമേയം ഉൾപ്പെടെ പാസാക്കുകയായിരുന്നു.അതേസമയം, പ്രതിപക്ഷ അംഗങ്ങൾ സെനറ്റ് പ്രതിനിധികയ്യെ നാമനിർദേശം ചെയ്ത് വി.സി.ക്ക് കത്ത് നൽകി. മുൻ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായിരുന്ന എം.സി ദിലീപ് കുമാറിനെയാണ് പ്രതിപക്ഷം നാമനിർദേശം ചെയ്തത്. സെനറ്റ് യോഗത്തിനുശേഷം പ്രതിപക്ഷ അംഗങ്ങൾ കേരള സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.