ഇസ്താംബൂൾ : കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരങ്ങളുടെ ജീവൻ പൊലിഞ്ഞ് പോയ ഭൂകമ്പത്തിന് പിന്നാലെ തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം. ആദ്യ ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെയാണ് തുർക്കിയിൽ വീണ്ടും ഭൂകമ്പം റിപ്പോർട്ട് ചെയ്യുന്നത്. റെക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് ഫെബ്രുവരി ആറ് തിങ്കളാഴ്ച ഉച്ചയോടെയാണ് രണ്ടാമത്തെ ഭൂകമ്പം റിപ്പോർട്ട് ചെയ്യുന്നത്. രാത്രിയിലെ ഭൂകമ്പത്തിൽ മരണ നിരക്ക് 1400 പിന്നിട്ടു. റെക്ട്ർ സ്കെയിലിൽ 7.8 തീവ്രതയാണ് രാത്രിയിൽ നടന്ന ഭൂകമ്പത്തിൽ രേഖപ്പെടുത്തിയത്. ആദ്യ ഭൂകമ്പത്തെ തുടർന്ന് നടത്തുന്ന രക്ഷപ്രവർത്തനത്തിനും തിരച്ചലിനുമിടയിലാണ് രണ്ടാമത്തെ ഭൂചലനം റിപ്പോർട്ട് ചെയ്യുന്നത്. തുർക്കിയുടെ തലസ്ഥാനമായ അങ്കാരയിലും ഇറാഖിലെ കുർദിസ്ഥാനിലും ഭൂകമ്പം അനുഭവപ്പെട്ടതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ തുടർന്ന് പ്രദേശവാസികൾ വീട് വിട്ട് പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്തു. കനത്ത മഞ്ഞ് വീഴുന്ന പ്രദേശത്താണ് ഭൂകമ്പം അനുഭവപ്പെട്ടിരിക്കുന്നത്.