ന്യൂഡൽഹി: ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എഞ്ചിനിലെ തീപ്പൊരി കണ്ടതിനെ ടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. 184 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം.ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പോകാനായി പറന്ന വിമാനം എഞ്ചിനിലെ തീപ്പൊരി കണ്ട് വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചശേഷമാണ് വിമാനം ഇറക്കിയത്. ഇൻഡിഗോ 6E-2131 വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനം താഴെയിറക്കിയെങ്കിലും യാത്രക്കാരെ ഉടൻ പുറത്തിറക്കിയില്ല. പിന്നീട് രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്നും പുറത്തിറക്കിയ ശേഷം മറ്റൊരു വിമാനത്തിൽ അയക്കുകയായിരുന്നു.