ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം ആവശ്യപ്പെട്ട് നടൻ ശ്രീനാഥ് ഭാസി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദേശം നൽകി. ഇന്ന് 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആയിരുന്നു നടനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം വേണമെന്നും ശ്രീനാഥ് ഭാസി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് ഒരു ദിവസം സാവകാശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറുകയായിരുന്നു നടൻ എന്നാണ് മാധ്യമ പ്രവർത്തക പരാതി പറഞ്ഞിരിക്കുന്നത്.
ശ്രീനാഥ് കേന്ദ്ര കഥാപാത്രമായ ചട്ടമ്പി എന്ന ചിത്രത്തിന്റ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് അവതാരികയോട് താരം അപരമര്യാദയായി പെരുമാറിയത്. പ്രകോപനങ്ങൾ ഒന്നും കൂടാതെ തന്നോട് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അവതാരിക പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 22നാണ് ശ്രീനാഥിനെതിരെ മരട് പോലീസിൽ മാധ്യമപ്രവർത്തകയുടെ പരാതി ലഭിക്കുന്നത്.