തിരുപ്പതി: പ്രശ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായും ട്രസ്റ്റ് പുറത്തു വിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്നാണ് റിപ്പോര്‍ട്ട്. കണക്കനുസരിച്ച് 85,705 കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോർട്ട് . ഇത് സർക്കാർ കണക്കനുസരിച്ചുള്ള സ്വത്ത് വിവരമാണ്. പക്ഷെ മൊത്തത്തിലുള്ള വിപണി മൂല്യം കണക്കാക്കിയാൽ 2 ലക്ഷം കോടിയിലധികം വരുമെന്നാണ് റിപ്പോർട്ട്. 14 ടണ്‍ സ്വര്‍ണശേഖരവും ക്ഷേത്രത്തിനുണ്ട്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കര്‍ ഭൂമിയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പേരിലുണ്ട്.
ഇതിന് പുറമെ ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 960 കെട്ടിടങ്ങളുമുണ്ട്. തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകൾ തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍, കൃഷിഭൂമിയായി മാത്രം 2,231 ഏക്കർ സ്ഥലം, ചിറ്റൂര്‍ നഗരത്തില്‍ 16 ഏക്കര്‍ ഭൂമി. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപം എന്നിങ്ങനെയാണ് സ്വത്ത് വിവരങ്ങൾ. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ച തിരുപ്പതി ക്ഷേത്രം ഇപ്പോഴിതാ സമ്പത്തിലും റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ആദ്യമായി സ്വത്ത് വിവരങ്ങളുടെ പൂര്‍ണരൂപം ട്രസ്റ്റ് പുറത്തുവിട്ടതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്നതിൽ തർക്കമില്ല എന്നതാണ് സത്യം.