കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ കോളജ് റാഗിംഗ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതിയായ എന്‍ കെ മുഹമ്മദാണ് കണ്ണൂര്‍ ചക്കരക്കല്‍ പോലീസിന്റെ പിടിയിലായത്. കേസില്‍ മറ്റ് ആറ് പ്രതികളെയും പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെഹര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ പി അന്‍ഷാദിനെ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ക്ലാസ്സിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കൈയിലെ പണം ആവശ്യപ്പെട്ടും ക്യാമ്പസിലെ ശുചിമുറിയില്‍ പ്രതികള്‍ മര്‍ദ്ദിക്കികയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ് ബോധരഹിതനായ അന്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കിയിരുന്നു. സംഭവം അടിപിടി കേസായാണ് പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്തതെങ്കിലും അന്വേഷണത്തില്‍ നടന്നത് റാഗിംഗ് ആണെന്ന് തിരിച്ചറിയുകയും ആന്റി റാഗിംഗ് നിയമങ്ങള്‍ ഉള്‍പ്പെടെുത്തി കേസെടുക്കുകയുമായിരുന്നു.