കോഴിക്കോട് സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടന്ന വിജിലന്‍സ് റെയിഡില്‍ രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കോഴിക്കോട് കക്കോടി, മുക്കം, ചാത്തമംഗലം എന്നീ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടന്ന റെയിഡിലാണ് കണക്കില്‍പ്പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തത്. സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് ആധാരം എഴുത്തുക്കാര്‍ പണം എത്തിച്ചു നല്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് മൂന്നിന് ശേഷം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിജിലന്‍സ് നോര്‍ത്ത് റേഞ്ച് എസ് പി പി.സി. സജീവിന്റെ നിര്‍ദ്ദേശ പ്രകാരം യൂണിറ്റ് ഡി വൈ എസ് പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് റെയ്ഡ് നടത്തിയത്. ഭൂമി രജിസ്‌ട്രേഷനുള്ള നിശ്ചിത തുകയെക്കാള്‍ കൂടുതല്‍ വാങ്ങി ആധാരമെഴുത്തുക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് ഇടയിലായിരുന്നു പരിശോധന. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തിയ ശേഷമാകും തുടര്‍നടപടികളെന്ന് വിജിലന്‍സ് അറിയിച്ചു.