തിരുവനന്തപുരം നെടുമങ്ങാട് അരുവിക്കരയില്‍ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞ് വീട് തകര്‍ന്നു. അരുവിക്കര തെക്കാനാലപുരം മണി ഭവനില്‍ മണികണ്ഠന്‍ ആശാരിയുടെ വീടാണ് കനത്ത മഴയില്‍ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞ് വീണ് മണിനടിയിലായത്. വീടിനോട് ചേര്‍ന്ന് ഒതുക്കി വച്ചിരുന്ന മണികണ്ഠന്‍ ആശാരിയുടെ ബൈക്ക് പൂര്‍ണ്ണമായും അയല്‍വാസിയുടെ ബൈക്ക് ഭാഗികമായും കരിങ്കലുകള്‍ വീണ് നശിച്ചു. മണികണ്ഠന്‍ ആശാരിയുടെ ഭാര്യ സിമിയും മക്കളായ തരുണ്‍, ഗാധ എന്നിവര്‍ വീട്ടിലുണ്ടായിരുന്നപ്പോളാണ് മണ്ണിടിഞ്ഞ് വീഴുന്നത്. വലിയ ശബ്ദം കേട്ടതോടെ ഇവര്‍ വീടിന് പുറത്തേക്ക് ഓടിയതിനാല്‍ പരിക്കുകളൊന്നും പറ്റിയില്ല. കുടുംബത്തിന് അടിയന്തര ധനസഹായം ഉറപ്പാക്കുമെന്ന് അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളങ്കര മധു പറഞ്ഞു.