ടെക്നിക്കല്‍ വിഭാഗക്കാരെ കണ്ടക്ടര്‍ ആക്കാന്‍ ശ്രമം
750 പേര്‍ക്ക് പിഎസ്‍സി പ്രകാരം അഡ്വൈസ് നല്‍കി
അധിക സമയം ജോലി ചെയ്യാന്‍ കണ്ടക്ടര്‍മാരോട് ആവശ്യപ്പെടും
തിരുവനന്തപുരം: നാലായിരത്തിനടുത്ത് കണ്ടക്ടര്‍മാരെ ഒരുമിച്ച് പിരിച്ചുവിടേണ്ടി വന്ന കെഎസ്‍ആര്‍ടിസി സര്‍വീസുകള്‍ നേരെയെക്കാന്‍ മറ്റു വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെ ഉപയോഗിക്കാന്‍ ആലോചിക്കുന്നു. ടെക്നിക്കല്‍ ഡിവിഷനിലുള്ള ജീവനക്കാരെയുള്‍പ്പെടെ താല്‍ക്കാലികമായി കണ്ടക്ടര്‍ തസ്‍തികയിലേക്ക് പ്രവേശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കെഎസ്‍ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സംസ്ഥാനവ്യാപകമായി 5400 സ്ഥിരം സര്‍വീസുകള്‍ ഓടിക്കുന്ന കെഎസ്‍ആര്‍ടിസി കൂട്ടപ്പിരിച്ചുവിടലിന് ശേഷം 980 ഷെഡ്യൂളുകള്‍ മാത്രമാണ് ഓടിക്കുന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ലോക്കല്‍ സര്‍വീസുകളാണ് കൂടുതലും മുടങ്ങിയിരിക്കുന്നത്.
സ്ഥിരം കണ്ടക്ടര്‍മാരെ അധികസമയം ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്നും അതിന് അധികവേതനം നല്‍കുമെന്നും തച്ചങ്കരി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് താല്‍ക്കാലിക ജീവനക്കാരായി വിവിധ സര്‍ക്കാരുകള്‍ നിയമിച്ച 3861 പേരെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസി നിര്‍ബന്ധിതമായത്.
ഇവര്‍ക്ക് പകരം പിഎസ്‍സി പരീക്ഷയെഴുതി ജോലി നേടിയവര്‍ക്ക് നിയമനം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം. 750 പേര്‍ക്ക് ചൊവ്വാഴ്‍ച്ച മാത്രം അഡ്വൈസ്‍ അയച്ചു കഴിഞ്ഞതായി ടോമിന്‍ തച്ചങ്കരി അറിയിച്ചു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്‍ആര്‍ടിസിയില്‍ 45000 ജീവനക്കാരുണ്ട്. ഇതില്‍ എംപാനലില്‍ നിന്നുള്ളവര്‍ ഏതാണ്ട് 10000 വരും.